ഇത്രേയുള്ളൂ; ഇത്രമാത്രം!

                 പുതിയൊരു കുഞ്ഞ്‌ നമ്മിലേക്ക്‌ വരാനിരിക്കുന്നു എന്ന വാര്‍ത്ത എത്ര
സന്തോഷത്തോടെയാണ്‌ നാം ആസ്വദിക്കാറുള്ളത്‌! കുടുംബത്തിലേക്ക്‌ പുതിയൊരാള്‍
വരുന്നു! ആകാംക്ഷയോടെ ആ കുഞ്ഞിന്‌ നല്ലൊരു പേര്‌ കണ്ടുവെച്ച്‌ നാം
കാത്തിരിക്കുന്നു. ഉമ്മയുടെയും ഉപ്പയുടെയും മനസ്സു നിറയെ ആ
കുഞ്ഞായിരിക്കും.

                അത്രയും
ആനന്ദവും ആശ്ചര്യവും നിറഞ്ഞ കൈകളിലേക്ക്‌ വന്നുവീണവരാണ്‌
നമ്മളോരോരുത്തരും. ഇനി, അതിലേറെ വേദനയും വിഭ്രാന്തിയും ബാക്കിയാക്കി
അവരില്‍ നിന്നെല്ലാം മടങ്ങിപ്പോകേണ്ടവരുമാണ്‌ ഈ നമ്മള്‍.
ജനിക്കുന്നതിനുമുമ്പ്‌ നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടി വരും; പക്ഷേ
മരിച്ചുകഴിഞ്ഞാല്‍ നമ്മെക്കുറിച്ച ഓര്‍മ്മ കുറഞ്ഞുകുറഞ്ഞുവരും.


                എല്ലാവരും
ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുന്നവര്‍
കുറച്ചേയുള്ളൂ. ആനന്ദത്തിന്റെ ആഘോഷം മാത്രമാക്കി ജീവിതത്തെ
പുണരുന്നവര്‍ക്ക്‌ കൊച്ചുകാര്യങ്ങളെപ്പറ്റി ചിന്തിക്കാനേ നേരം കാണൂ.
ഭക്ഷണം, വസ്‌ത്രം, സൗന്ദര്യം, സൗകര്യം അങ്ങനെ വളരെ കുറച്ചുകാര്യങ്ങളുടെ
പിന്നില്‍ അവര്‍ ചുറ്റിത്തിരിയും. ചെറിയ ചെറിയ കാര്യങ്ങളേക്കാള്‍ വലിയ
കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സന്ദര്‍ഭമാണീ ജീവിതമെന്ന്‌ തിരിച്ചറിയാന്‍
സാധിക്കുന്നവര്‍ മഹാഭാഗ്യവാന്മാരാണ്‌.


                 സുഖമൊരു
അനുഭവമല്ല. ദു:ഖമാണ്‌ അനുഭവമെന്ന്‌ ദു:ഖിച്ചവര്‍ക്കൊക്കെ അറിയാം.
രോഗങ്ങളും വേദനകളുമൊന്നുമില്ലെങ്കിലാണ്‌ സത്യത്തില്‍ നമുക്ക്‌ ഭയം
വര്‍ധിക്കേണ്ടത്‌. ഈ ജീവിതത്തിന്റെ നിസ്സാരതയെത്രയെന്ന്‌
തിരിച്ചറിയുമ്പോള്‍ വേദനകളെയും സന്തോഷങ്ങളെയും അതിജീവിക്കാന്‍ നാം
പഠിച്ചുതുടങ്ങും. അലക്കുകല്ലിന്റെ നിയോഗം അടിക്കുക എന്നതല്ല, അടി കൊള്ളുക
എന്നതാണ്‌. ഒരര്‍ഥത്തില്‍ നമ്മുടെയും നിയോഗമതാണ്‌. മരിക്കുന്നതുവരെ
ജീവിച്ചുകൊണ്ടിരിക്കുകയും ജീവിക്കുമ്പോഴൊക്കെ
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമാണ്‌ നമ്മുടെ ദൗത്യം.


               അസഹ്യമായ
അനുഭവങ്ങള്‍ വരാനിരിക്കുന്ന ജീവിതമാണ്‌ നമ്മുടേത്‌. അനിഷ്‌ടകരമായ
വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്ന കാതും ഹൃദയം തകരുന്ന അലര്‍ച്ചയോടെ
കരയാനിരിക്കുന്ന കണ്ണുമാണ്‌ നമ്മുടേത്‌. അത്തരം അനുഭവങ്ങള്‍ വരുത്തരുതേ
എന്ന്‌ പ്രാര്‍ഥിക്കുന്നതോടൊപ്പം അങ്ങനെ വല്ലതും സംഭവിച്ചാല്‍
പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പു തരണേയെന്നും പ്രാര്‍ഥിക്കുന്നതിലാണ്‌
തിരുനബി(സ)യുടെ മാതൃക.


                യാഥാര്‍ഥ്യബോധത്തോടെ
ജീവിതാനുഭവങ്ങളെ നേരിടുന്നതിലാണ്‌ നമ്മള്‍ വിജയിക്കേണ്ടത്‌. കുഞ്ഞ്‌
മരിച്ചുകിടന്നപ്പോഴും മുഖത്ത്‌ സങ്കടം വിരിയാതെ, ഭര്‍ത്താവിന്‌ അത്താഴവും
ആനന്ദവും പകര്‍ന്ന സ്വഹാബി വനിതയെ കേട്ടിട്ടില്ലേ? ധീരമായ ഭക്തിയാണത്‌.
കണ്ണീരിനെ മുഴുവന്‍ കണ്ണിനു പിന്നില്‍ നിര്‍ത്തിയ അസാധാരണമായ
സത്യവിശ്വാസമാണത്‌.              സ്വഹാബികളോടൊപ്പം
യാത്ര ചെയ്യുകയായിരുന്ന തിരുനബി(സ) അവിടെയൊരു ആള്‍ക്കൂട്ടം കണ്ടു.
എന്താണവിടെയെന്ന്‌ അന്വേഷിച്ചു. `അവിടെ ഒരു ഖബ്‌ര്‍
കുഴിച്ചുകൊണ്ടിരിക്കുകയാണ്‌ റസൂലേ’. ഇത്‌ കേട്ടതോടെ തിരുദൂതര്‍
വിഭ്രാന്തിയുള്ള മുഖത്തോടെ ആ ഖബ്‌റിന്നരികിലേക്ക്‌ ഓടി. അവിടെ
മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുന്നത്രയും ശക്തമായി കരഞ്ഞു.
എന്നിട്ടിങ്ങനെ പറഞ്ഞു: “എന്റെ കൂട്ടുകാരേ, ഇതുപോലൊരു ദിനത്തെ നേരിടാന്‍
നിങ്ങള്‍ ഒരുക്കങ്ങള്‍ നടത്തണേ.” (ഇബ്‌നുമാജ-സുനന്‍ 4195)


               ജനങ്ങളില്‍
ഏറ്റവും ബുദ്ധിശക്തിയുള്ളവന്‍ ആരാണെന്ന ചോദ്യത്തിന്‌ തിരുനബി(സ)യുടെ
മറുമൊഴി ഇങ്ങനെയായിരുന്നു: “മരണത്തെ നിരന്തരം ഓര്‍ക്കുന്നവര്‍. അതിനായി
തയ്യാറെടുക്കുന്നവര്‍. ഇവിടെ മാന്യതയും പരലോകത്ത്‌ മഹത്വവും
നേടിയെടുക്കുന്നവരാണവര്‍.” (ബൈഹഖി-ശുഅബുല്‍ഈമാന്‍ 7993, 10550)              മരണത്തെ
ഓര്‍ത്ത്‌ തയ്യാറെടുക്കുന്നവര്‍ക്ക്‌ അല്ലാഹു ഹൃദയത്തെ ഉണര്‍ത്തുകയും
മരണസന്ദര്‍ഭം എളുപ്പമാക്കുകയും ചെയ്യുമെന്ന്‌ അവിടുന്ന്‌ പറഞ്ഞു. (ദൈലമി:
മുസ്‌നദുല്‍ ഫിര്‍ദൗസ്‌)


             `ജീവിച്ച
വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം’ എന്ന്‌ ഇംഗ്ലീഷിലൊരു
പഴമൊഴിയുണ്ട്‌. ആയുസ്സിന്റെ നീളത്തേക്കാള്‍ ആയുസിലെ കര്‍മങ്ങളിലായിരിക്കണം
നമ്മുടെ ശ്രദ്ധ. നമുക്ക്‌ ഒരു ഏകദേശ ധാരണപോലുമില്ലാത്ത നിമിഷത്തില്‍ ഈ
ജീവിതം അവസാനിക്കും.

ആരോടും
യാത്ര ചോദിക്കാതെ, ആരെയും കാത്തിരിക്കാതെ, എല്ലാവരെയും കരയിച്ച്‌,
പറയാനുള്ളതും ചെയ്യാന്‍ കരുതിയതുമെല്ലാം ബാക്കിവെച്ച്‌ സുനിശ്ചിതമായ ആ
വലിയ സത്യത്തിലേക്ക്‌ നമ്മള്‍ ഉള്‍ചേരുകതന്നെ ചെയ്യും. ഒട്ടം
പരിചിതമല്ലാത്ത മറ്റൊരു ലോകത്തെക്ക്‌ യാത്രയാകും. അതോടെ എല്ലാ രസച്ചരടുകളും
പൊട്ടിച്ചിതറും. ഒന്നിച്ചു കഴിഞ്ഞവര്‍ രണ്ടായി പിരിയും, വാക്കുകളില്‍
കണ്ണീരു കലരും. ഓര്‍മകളൊക്കെയും സങ്കടമാവും. നമ്മെ പുണര്‍ന്നിരിരുന്ന
കൈകള്‍ നമ്മുടെ നേരെ മണ്ണെറിയും; തീര്‍ന്നു!             ജനിക്കും
മുമ്പ്‌ നമ്മെക്കുറിച്ച ഓര്‍മ കൂടിക്കൂടിവരും. മരണത്തോടെ ആ ഓര്‍മ
കുറഞ്ഞുകുറഞ്ഞുവരും. മരിക്കും വരെ ജീവിക്കുകയും ജീവിക്കുമ്പോഴൊക്കെ
പ്രവര്‍ത്തിക്കുകയുമാണ്‌ നമ്മുടെ നിയോഗം.

ഓര്‍ക്കുക: ഞാന്‍ ചെയ്‌തതിന്റെ
ആകത്തുകയാണ്‌ ഞാന്‍. നിങ്ങളും അങ്ങനെത്തന്നെ.


Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s